നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി
കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി.
കൊല്ലം ആയൂരിലെ കോളേജിൽ എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും പരീക്ഷ നടന്ന ആയൂരിലെ കോളേജ് പ്രിൻസിപ്പൾ അറിയിച്ചു.
മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്നലെയാണ് നടന്നത്. രാജ്യവ്യാപകമായി നടന്ന പരീക്ഷയിൽ 18 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. ഗൾഫ് മഖലയിലും ഇത്തവണ പരീക്ഷാ സെന്ററുകൾ ഉണ്ടായിരുന്നു. കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ പരീക്ഷ വൈകിട്ട് 5.20 നാണ് അവസാനിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിദ്യാർഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിച്ച് തുടങ്ങിയത്. മൊബൈൽ അടക്കമുളള ഇലക്ട്രോണിക് ഉപകരണങ്ങൾ , ആഭരണങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Content Highlights: Neet Exam, Complaints, undergarments, female students,