മാങ്ങ മോഷ്ടിച്ച കേസില്‍ പ്രതിയായ പോലീസുകാരനെ പിരിച്ചുവിട്ടു
കാഞ്ഞിരപ്പള്ളിയില്‍ മാങ്ങ മോഷ്ടിച്ച കേസില്‍ പ്രതിയായിരുന്ന പോലീസുകാരനെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പില്‍ സിപിഒ ആയ കൂട്ടിക്കല്‍ സ്വദേശി പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ ശുപാര്‍ശപ്രകാരമാണ് നടപടി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം. വെജിറ്റബിള്‍സ് എന്ന പച്ചക്കറി മൊത്തവ്യാപാര കടയ്ക്ക് മുന്പില് ഇറക്കിവെച്ചിരുന്ന പെട്ടിക്കുള്ളില്‍ നിന്നാണ് കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ഇയാള്‍ 10 കിലോ മാങ്ങ മോഷ്ടിച്ചത്. 600 രൂപയോളം വിലയുള്ള മാങ്ങയുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായി മാറിയത്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങാ പെറുക്കി സ്കൂട്ടറിലിടുന്നത് കടയ്ക്ക് മുന്പില് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ അടക്കമായിരുന്നു പരാതി. ഒളിവില്‍പോയ ഷിഹാബിനെ 20 ദിവസത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്. പോലീസിന് അവതിപ്പുണ്ടാക്കിയതിന് ഇയാളെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഒക്ടോബര്‍ 20-ന് കടയുടമ നല്കിയ രാജി ഹര്‍ജിയില്‍ ഷിഹാബിനെ കോടതി കുറ്റവിമുക്തനാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്റ്റട്രേറ്റാണ് കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ.പി.സി. 379 പ്രകാരമുള്ള മോഷണ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലും സ്ത്രീകളെ ശല്യംചെയ്ത കേസിലും പ്രതിയായിരുന്നു ഷിഹാബെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ കേസുകളില്‍ വിചാരണ നടന്നു വരുന്നതിനിടെയാണ് മാങ്ങ മോഷണം നടത്തി ഇയാള്‍ വിവാദത്തിലായത്.