കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശിച്ച് കോടതി
എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ കെ മഹേശന് ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാന്‍ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന് എന്നിവരെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് നടപടി.
വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് നിര്‍ദേശം. 2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി. ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു.
മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന്റെ ആത്മഹത്യ.