എഐ ക്യാമറ പദ്ധതിയില്‍ നയാപൈസ അഴിമതിയില്ല; പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് എം വി ഗോവിന്ദന്
എഐ ക്യാമറ പദ്ധതിയില്‍ നയാപൈസ അഴിമതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ആരോപണങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാനാണെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി. യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ മറയ്ക്കാനുള്ള പ്രചാരവേലയാണ് നടക്കുന്നത്. ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പറയുന്നത് രണ്ടു കണക്കാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് 100 കോടിയുടെ അഴിമതി എന്ന് പറയുന്നു. രമേശ് ചെന്നിത്തല 132 കോടി എന്നും പറയുന്നു. പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടി കോണ്‍ഗ്രസില്‍ വടംവലിയാണ്. ആദ്യം അഴിമതിയുടെ വിഷയത്തില്‍ കോണ്‍ഗ്രസ് യോജിപ്പിലെത്തട്ടെ. ആര്‍എസ്എസ് ചെയ്യുന്നതു പോലുള്ള കള്ളത്തരമാണ് ഇവരും ചെയ്യുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകള്‍ സ്ഥാപിക്കാന്‍ ചെലവായത് 142 കോടി രൂപയാണ്. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് 56.24 കോടി രൂപ. ജിഎസ്ടി 35.76 കോടിയാണ്. ഇതില്‍ 100 കോടിയുടെ അഴിമതി എവിടെനിന്നു കിട്ടിയ കണക്കാണ്. പദ്ധതിക്കായി ഖജനാവില്‍നിന്ന് ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. പിന്നെ എവിടെയാണ് അഴിമതിയെന്നും ഗോവിന്ദന് ചോദിച്ചു.
പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത് കരാറിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ടാം ഭാഗം വായിച്ചാല്‍ കാര്യം വ്യക്തമാകും. ക്യാമറ സ്ഥാപിച്ചശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറയില്‍ റെക്കോഡ് ചെയ്യുന്ന വിഡിയോകള്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുന്‍നിര്‍ത്തി വ്യാപക പ്രചാരവേല നടത്തുകയാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.