ചക്രവാതച്ചുഴി:സംസ്ഥാനത്ത് വ്യാപക മഴ; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് ഇടയാക്കുന്നത്.
ഇത് മൂലം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.