മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത പ്രഖ്യാപനം; ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും
മഹാരാഷ്ട്രയില്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച ശേഷമാണ് ഫഡ്നാവിസിന്റെ പ്രഖ്യാപനം. ഇന്ന് വൈകിട്ട് 7.30ന് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗോവയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ മാത്രമാണ് മുംബൈയില്‍ എത്തിയത്. കേന്ദ്രം ഷിന്‍ഡെയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഫഡ്നാവിസും ഷിന്‍ഡെയും ഒരുമിച്ചാണ് ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുമായി സഹകരിച്ചുകൊണ്ടുള്ള ശിവസേനാ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തു പോയെന്നും മഹാവികാസ് അഘാഡി സര്‍ക്കാരിന് കീഴില്‍ വന്‍ അഴിമതിയാണ് സംസ്ഥാനത്ത് നടന്നതെന്നും ഫഡ്നാവിസ് ഗവര്‍ണറോട് പറഞ്ഞു. 2019ലെ ജനവിധിയെ അപമാനിക്കുകയായിരുന്നു സഖ്യകക്ഷി സര്‍ക്കാര്‍. 150 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇരുവരും ഗവര്‍ണറെ അറിയിച്ചു.
താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. മന്ത്രിസഭാ വിപുലീകരണം, വകുപ്പു വിഭജനം എന്നിവ ഉടന്‍ നടത്തുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. വിമത നീക്കത്തിന് പിന്നാലെ ബുധനാഴ്ച രാത്രി ഉദ്ധവ് ഠാക്കറെ രാജിവെച്ചതിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ബിജെപി നേതൃത്വത്തില്‍ ആരംഭിച്ചത്. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlights: Maharashtra, Shivsena, BJP, Eknath Shinde, Devendra Fadnavis