മ്യൂസിയത്തിലെ ലൈംഗികാതിക്രമത്തില്‍ പ്രതി സന്തോഷ് തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു
തിരുവനന്തപുരം മ്യൂസിയം ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് ആണ് പ്രതി. കരാര്‍ ജീവനക്കാരനായ ഇയാള്‍ തന്നെയാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഈ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
മ്യൂസിയം പരിസരത്തു വെച്ച് വനിതാ ഡോക്ടറെ ആക്രമിച്ചതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുകയും ഡോക്ടര്‍ ഇയാളെ തിരിച്ചറിയുകയുമായിരുന്നു. ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിടെയാണ് ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. പിന്നീട് ഇന്നോവ കാറില്‍ കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
കുറവന്‍കോണത്തെ വീട്ടിലായിരുന്നു ഇയാള്‍ ആദ്യം പോയത്. ഇവിടെ അതിക്രമിച്ചു കടന്നതിനു ശേഷം മറ്റൊരു വീട്ടിലും പ്രതി പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
സംഭവത്തില്‍ പ്രതിയായ ജീവനക്കാരനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് നിര്‍ദേശം നല്കി. ഓഫീസിലെ ഒരാള്‍ ഇത്തരമൊരു കേസില്‍പ്പെട്ടത് മന്ത്രിക്കും ഓഫീസിനും നാണക്കേടായി മാറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ അടിയന്തര നടപടി.