എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച് യാത്രക്കാരന്
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച് യാത്രക്കാരന്. മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് അതിക്രമം കാണിച്ചത്. ന്യൂയോര്‍ക്കില്‍ നി്ന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവമുണ്ടായത്. ഇക്കാര്യം ക്യാബിന് ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ എത്തിയതിനു ശേഷം അക്രമി പുറത്തു പോയതായും പരാതിയില്‍ പറയുന്നു.
ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമെ വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചുള്ളുവെന്നും യാത്രക്കാരി പറയുന്നു. ആഹാരത്തിനു ശേഷം ലൈറ്റുകള്‍ അണച്ചപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് തന്റെ സീറ്റിന് അടുത്തേക്ക് വന്ന് മൂത്രമൊഴിച്ച ശേഷം അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന് എത്തി മാറാന്‍ പറഞ്ഞപ്പോഴാണ് അയാള്‍ മാറിയതെന്നും പരാതിയില്‍ പറയുന്നു.
തന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നുവെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്കി. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്. അക്രമിക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.