ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
മഹാരാഷ്ട്രയില്‍ നാടകീയ നീക്കത്തിനൊടുവില്‍ ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫഡ്നാവിസ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 7.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
വിമതനീക്കത്തിലൂടെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡിയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് ബിജെപി മഹാരാഷ്ട്രയില്‍ അട്ടിമറി നടത്തിയത്. രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഉദ്ധവ് ഠാക്കറെ ബുധനാഴ്ച രാത്രി രാജിവെച്ചു. തൊട്ടു പിന്നാലെ ബിജെപിയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ട് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
അട്ടിമറിക്കു പിന്നില്‍ ബിജെപിയായിരുന്നതിനാല് ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു പുറത്തിറങ്ങിയ ഫഡ്നാവിസ് അപ്രതീക്ഷിതമായ ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുകയായിരുന്നു. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നുവെങ്കിലും ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹവും മന്ത്രിസഭയിലെത്തുകയായിരുന്നു.
Content Highlights: Maharashtra, Chief Minister, Eknath Shinde, Devendra Fadnavis