കൊച്ചിയില്‍ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി നേപ്പാളില്‍ പിടിയില്‍
കൊച്ചി എളംകുളത്ത് നേപ്പാളി യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിക്കൊപ്പം താമസിച്ചിരുന്ന റാം ബഹാദൂര്‍ ബിസ്ത് (45) ആണ് പിടിയിലായത്. നേപ്പാളിലേക്ക് കടന്ന ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കൊച്ചി സിറ്റി പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേപ്പാള്‍ പോലീസാണ് പിടികൂടിയത്.
നേപ്പാള്‍ സ്വദേശിനി ഭാഗീരഥി ഗാമിയെയാണ് ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ശേഷം സ്ഥലം വിടുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച നിയമപ്രശ്നങ്ങളുള്ളതിനാല്‍ ഇയാളെ കൊച്ചിയില്‍ എത്തിക്കുന്നത് വൈകും. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എറണാകുളം സിറ്റി പൊലീസിന്റെ അഞ്ച് അന്വേഷണ സംഘങ്ങള്‍ ഇയാളുടെ ഒളിത്താവളങ്ങള്‍ തേടിയുള്ള അന്വേഷണത്തിലായിരുന്നു.
ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി ഡല്‍ഹിയില്‍ എത്തിയതായി മനസിലായിരുന്നു. പിന്നീട് സിം കാര്‍ഡ് ഉപേക്ഷിച്ച ഇയാള്‍ പുതിയ സിം കാര്‍ഡ് പഴയ ഫോണില്‍ ഇട്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനിടെ പ്രതി നേപ്പാളിലേക്ക് കടക്കുകയായിരുന്നു.