‘എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും യേശുക്രിസ്തു തക്കതായ മറുപടി തരും’; പരാതിക്കാരിക്ക് എല്‍ദോസിന്റെ വാട്സാപ്പ് സന്ദേശം
ബലാല്‍സംഗക്കേസ് നല്കിയ യുവതിക്ക് വാട്സാപ്പില്‍ ശാപസന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും യേശുക്രിസ്തു തക്കതായ മറുപടി തരുമെന്നാണ് കേസിലെ സാക്ഷിയായ പരാതിക്കാരിയുടെ സുഹൃത്തിന്റെ വാട്സാപ്പിലേക്ക് അയച്ച സന്ദേശത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പറയുന്നത്. സന്ദേശം പോലീസിന് കൈമാറി.
‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമാമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും’ എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 2.10ഓടെയാണ് സന്ദേശം എത്തിയത്.
കഴിഞ്ഞ ദിവസം പരാതിക്കാരിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കുകയും തന്നെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് എല്‍ദോസ് കുന്നപ്പിള്ളില്‍ ഫെയിസ്ബുക്കില് പോസ്റ്റിട്ടിരുന്നു. വാട്സാപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് ഈ പോസ്റ്റിട്ടതെന്നാണ് കരുതുന്നത്. എംഎല്‍എ ഒളിവില്‍ തുടരുകയാണ്.