പരാതിക്കാരി ഫോണ്‍ മോഷ്ടിച്ചെന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ; പരാതിയില്‍ പോലീസ് കേസെടുത്തു
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്കിയ യുവതിക്കെതിരെ മോഷണക്കേസ് നല്കി എംഎല്‍എയുടെ ഭാര്യ. എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നും അതുപോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നെന്നും കാട്ടിയാണ് പരാതി. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു. അതേസമയം ഫോണ്‍ മോഷണം പോയതായി എല്‍ദോസ് കുന്നപ്പിള്ളി സ്ഥിരീകരിച്ചിട്ടില്ല.
എംഎല്‍എയുടെ രണ്ടു ഫോണുകളും സ്വിച്ചോഫ് ചെയ്ത നിലയിലാണ്. രണ്ടു ദിവസമായി എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് വിവരം. പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ശനിയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഹര്‍ജി പരിഗണിക്കുന്നത് വരെ എല്‍ദോസ് മാറി നില്‍ക്കുകയാണെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എംഎല്‍എയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കിയിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന് പറഞ്ഞിരുന്നു.