മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു
മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്നിടങ്ങളിലും മാര്‍ച്ച് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 31.47 ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. 80 വയസ്സിനു മുകളിലുള്ള 97,000 വോട്ടര്‍മാരുണ്ട്. 1.76 ലക്ഷം പേര്‍ക്ക് കന്നി വോട്ടാണ് ഇത്തവണത്തേതെന്നും കമ്മീഷണര്‍ പറഞ്ഞു.
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. വധശ്രമക്കേസില്‍ ശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും.