വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകളെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്; പ്രതി സന്ദീപ് റിമാന്‍ഡില്‍
ഡോ വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകള്‍ ഏറ്റതായി പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തില്‍ ആകെ 23 മുറിവുകള്‍ ഉണ്ടായിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണകാരണമായത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് പോലീസ് ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് മുറിവു തുന്നിക്കെട്ടുന്നതിനിടെ ഡോക്ടറെയും പോലീസുകാരെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോ.വന്ദന പിന്നീട് മരിച്ചു.
സംഭവത്തില്‍ പ്രതി സന്ദീപിനെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇയാളെ ആംബുലന്‍സില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു വന്ദനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ഇതിനു ശേഷം വന്ദന പഠിച്ച അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനത്തിനു വെച്ചിരുന്നു. മൃതദേഹം ഇന്ന് രാത്രി സ്വന്തം നാടായ കോട്ടയം മുട്ടുചിറയില്‍ എത്തിക്കും. നാളെയാണ് സംസ്കാരം.