വണ്‍ഡേ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കി ഇംഗ്ലണ്ട്; തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ആംസ്റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തില്‍ 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഈ നേട്ടം. രണ്ടു റണ്‍സ് അകലത്തില്‍ 500 എന്ന മാജിക് നമ്പര്‍ നഷ്ടമായെങ്കിലും സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്.
2018 ജൂണ്‍ 19ന് നോട്ടിങ്ങാമില്‍ ഓസ്ട്രേലിയക്കെതിരേ നേടിയ ആറു വിക്കറ്റിന് 481 റണ്‍സ് എന്ന സ്വന്തം റെക്കോഡാണ് ഇംഗ്ലണ്ട് ഈ മത്സരത്തില്‍ തിരുത്തിയത്. ഇംഗ്ലണ്ടിന്റെ മൂന്നു താരങ്ങള്‍ സെഞ്ചുറി നേടി. വിട്ട നെതര്‍ലന്‍ഡ്സ് ഫീല്‍ഡര്‍മാര്‍ക്ക് പന്ത് പെറുക്കാനേ നേരിമുണ്ടായിരുന്നുള്ളൂ. 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട്, 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാന്, വെറും 70 പന്തില്‍ നിന്ന് 162 റണ്‍സടിച്ച ജോസ് ബട്ട്ലര്‍ എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. 22 പന്തില്‍ നിന്ന് 66 റണ്‍സടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണും ഇവര്‍ക്ക് പിന്തുണ നല്കി.
26 സിക്സറുകളും 36 ഫോറുകളുമാണ് പിറന്ന മത്സരത്തില്‍ 14 സിക്സുകളും ബട്ടലറിന്റെ ബാറ്റില്‍ നിന്നാണ് പറന്നത്. 47 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ബട്ട്ലര്‍ ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി. 17 പന്തില്‍ നിന്ന് 50 തികച്ച ലിവിങ്സ്റ്റണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടമാണ് കരസ്ഥമാക്കിയത്.
Content Highlights: Cricket, England, Score, World Record, Netherlands