ന്യൂഇയര്‍ ആഘോഷത്തിനായി ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടില്ല; പ്രചാരണം വ്യാജമെന്ന് എക്സൈസ്

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടില്ലെന്ന് എക്സൈസ്. ബാറുകള്‍ പുലര്‍ച്ചെ വരെ പ്രവര്‍ത്തിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്സൈസ് വ്യക്തമാക്കി. സമയക്രമത്തില്‍ മാറ്റമില്ല. അനുവദിച്ചിട്ടുള്ള സമയത്തിനു ശേഷം തുറന്നിരിക്കുന്ന ബാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.
ബാറുകള്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചുവരെയും ബെവ്കോ ഔട്ട്ലെറ്റുകള് പുലര്‍ച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചാരണം. വാട്സാപ്പിലും സോഷ്യല്‍ മീഡിയയിലും സന്ദേശം വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് വിശദീകരണവുമായി രംഗത്തെത്തിയത്. പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും എക്സൈസ് അറിയിച്ചു.