മരിച്ചോ എന്നറിയാന്‍ ആളുകള്‍ എന്നെത്തന്നെയാണ് വിളിക്കുന്നത്; പടച്ചുവിട്ടിരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മധുമോഹന്
സീരിയല്‍ നടനും സംവിധായകനും നിര്‍മാതാവുമായ മധു മോഹന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത. താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് മധുമോഹന് തന്നെ രംഗത്തെത്തി. താന്‍ മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിനായി ആളുകള്‍ തന്നെയാണ് വിളിച്ചു കൊണ്ടിരിക്കുന്നതെന്നും പബ്ലിസിറ്റിക്ക് വേണ്ടി ആരോ പടച്ചുവിട്ട വാര്‍ത്തയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”എനിക്ക് ഒരുപാട് കോള്‍സ് വരുന്നുണ്ട്. ഞാന്‍ മരിച്ചോ ഇല്ലയോ എന്നറിയാന്‍ എന്നെത്തന്നെയാണ് വിളിക്കുന്നത്. ആരോ പബ്ലിസിറ്റിക്ക് വേണ്ടി വ്യാജവാര്‍ത്ത പടച്ചുവിട്ടിരിക്കുകയാണ്. ഇതിന്റെ പിന്നാലെ പോകാന്‍ എനിക്ക് താത്പര്യമില്ല. അവര്‍ പബ്ലിസിറ്റി തേടുന്നത് എനിക്കും പബ്ലിസിറ്റി തന്നെയാണ്. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകള്‍ അറിയുമല്ലോ. കൃത്യമായ വിവരം അന്വേഷിക്കാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് തെറ്റാണ്. രണ്ട് വര്‍ക്കുകള്‍ ഇപ്പോള്‍ ചെയ്യുകയാണ്.” മധുമോഹന് പറയുന്നു.
പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മധു മോഹന്‍ മരിച്ചതായി വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത പിന്‍വലിക്കപ്പെടുകയായിരുന്നു.