തബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് വിട
തബലയില്‍ വിരലുകളാൽ വിസ്മയം തീര്‍ത്ത ഉസ്താദ് സാക്കിര്‍ ഹുസൈന് വിടവാങ്ങി . ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .എഴുപത്തി മൂന്നു വയസായിരുന്നു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. രാവിലെ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം.തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ ഈ അതുല്യകലാകാരന് തബല മാന്ത്രികന് ഉസ്താദ് അല്ലാ രഖാ ഖുറേഷിയുടേയും ബാവി ബീഗത്തിന്റെയും മകനാണ്.നാലു തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. പതിനായിരക്കണക്കിന് വേദികളില്‍ താളവിസ്മയം തീര്‍ത്ത സാക്കീര്‍ ഹുസൈന് രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ നൂറിലേറെ ആല്‍ബങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാക്കീര്‍ ഹുസൈന് ഷാജി എന്‍ കരുണ്‍ ചിത്രമായ വാനപ്രസ്ഥത്തിലൂടെ മലയാളത്തിലും സാനിധ്യം അറിയിച്ചു.
മാഹിമിലെ സെന്റ് മൈക്കിള്‍സ് സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത് .12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠങ്ങള്‍ പകര്ന്നുനല്കിയത് പിതാവും തബലിസ്റ്റുമായ അള്ളാ റഖ ഖാനായിരുന്നു.
1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന് രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു.പത്തൊന്‍പതാമത്തെ വയസില്‍ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി.പ്രൊഫസറായി ജോലിചെയ്തു.ഒരു വര്‍ഷത്തില്‍ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും സാക്കിര്‍ ഹുസൈന് കച്ചേരികള്‍ നടത്തിയിരുന്നു . 1999-ല്‍ അമേരിക്കയിലെ പരമ്പരാഗത കലാകാരന്മാര്ക്കും സംഗീതജ്ഞര്‍ക്കും നല്കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയായ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് ലഭിച്ചു . ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദ ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.