ടീസ്ത സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റ്; കേസ് മോദിയെ കുറ്റവിമുക്തനാക്കിയ വിധിയുടെ അടിസ്ഥാനത്തില്‍
അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആര് ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത് നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ വിധിയുടെ അടിസ്ഥാനത്തില്‍. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍, വധശിക്ഷ വരെ നല്കാവുന്ന കുറ്റത്തിനായി വ്യാജ തെളിവുകള്‍ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടും കേസില്‍ പ്രതിയാണ്. ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ ഗൂഢാലോചനയാരോപിച്ച് സാകിയ ജാഫ്രി നല്കിയ പരാതിയിലാണ് നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയത്. ഈ വിധിയില്‍ ടീസ്തയ്ക്കും ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു.
വിധിയിലെ ഈ പരാമര്‍ശങ്ങള്‍ ഇവര്‍ക്കെതിരായ എഫ്ഐആറിലും ഉദ്ധരിച്ചിട്ടുണ്ട്. വധശിക്ഷ വരെ വിധിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ നിരവധി പേരെ പ്രതികളാക്കുന്നതിനായി വ്യാജ തെളിവുകള്‍ നിര്‍മിച്ചുകൊണ്ട് നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ ഇവര്‍ മൂവരും ഗൂഢാലോചന നടത്തിയതായി സുപ്രീം കോടതി വിധി വ്യക്തമാക്കുന്നുവെന്നാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഐപിസി 194 വകുപ്പനുസരിച്ചുള്ള കുറ്റകൃത്യം ഇവര്‍ ചെയ്തിരിക്കുന്നു. നിരപരാധികളായവര്‍ക്കെതിരെ ടീസ്തയും മറ്റുള്ളവരും ചേര്‍ന്ന് വ്യാജ ക്രിമിനല്‍ നടപടിക്രമങ്ങള്‍ നടത്തി. ഇത് ഐപിസി 211 വകുപ്പനുസരിച്ചുള്ള കുറ്റകൃത്യമാണ്. നിരവധി പേര്‍ക്ക് അപായം വരുത്തുന്ന വിധത്തില്‍ വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയെന്നും ഐപിസി 218 അനുസരിച്ചുള്ള കുറ്റകൃത്യമാണിതെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. ഐപിസി 468, 471 എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളും ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
ഇവര്‍ ഗൂഢാലോചന നടത്തിയത് എന്തിനാണെന്നും അതിനു പിന്നിലെ സാമ്പത്തികവും അല്ലാതെയുമുള്ള ലാഭങ്ങള്‍ എന്താണെന്നും പരിശോധിക്കണമെന്നാണ് അഹമ്മദാബാദ് ഡിസിബി തയ്യാറാക്കിയ ഒന്‍പത് പേജുള്ള എഫ്ഐആറില്‍ പറയുന്നത്. ശനിയാഴ്ച മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡാണ് ടീസ്തയെ കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗറില്‍ നിന്ന് ശ്രീകുമാറിനെ ഡിസിബി സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതി വിധിക്കു പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ടീസ്തയ്ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഗുജറാത്ത് പോലീസിന്റെ നടപടി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനാക്കേസിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ഗകലാപത്തില് കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയായിരുന്നു പരാതിക്കാരി. കേസില്‍ കക്ഷിചേര്‍ന്ന ടീസ്ത തന്റെ സന്നദ്ധ സംഘടനയിലൂടെ സാകിയയുടെ കേസിന് എല്ലാ സഹായവും നല്‍കിയിരുന്നു.
Content Highlights: Gujrat Riots, R B Sreekumar, Teesta Setelvad, FIR