സെക്രട്ടറിയേറ്റില്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം

സെക്രട്ടറിയേറ്റില്‍ തീപിടിത്തം. വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.55 ഓടെയാണ് മൂന്നാം നിലയില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
തീ പടരുന്നത് ശ്രദ്ധയില്‍പെട്ട പ്യൂണ്‍ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്കല്‍ചൂള ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 8.15ഓടെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
കര്‍ട്ടനും സീലിംഗും കത്തിനശിച്ചു. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്. മറ്റുളളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല.