അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്; നാല് ദിവസത്തിനകം 94000 അപേക്ഷകര്‍
രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്കെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 94,000 ത്തിന് മുകളിൽ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ വ്യോമസേനയിലേക്ക് മാത്രമായി 56,960 അപേക്ഷകളും എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. സേനാ നിയമനത്തില്‍ ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ ജൂണ്‍ 14 -നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
നാല് വര്‍ഷ കരാറില്‍ പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ സേനയിലേക്ക് നിയമിക്കുന്നതാണ് അഗ്നിപഥ് പദ്ധതി. അഗ്നിവീര്‍ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങള്‍ക്ക് മറ്റു സൈനികരെ പോലെ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരായിരിക്കില്ലെന്നും അറിയിപ്പിലുണ്ട്. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപെടുന്നവരിൽ നാല് വര്‍ഷത്തിന് ശേഷം 25 ശതമാനം പേരെ മാത്രമേ 15 വര്‍ഷത്തേക്ക് നിയമിക്കുകയുള്ളൂ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ് പദ്ധതിയില്‍ പറയുന്നത്.
സംസ്ഥാനങ്ങളില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അഗ്നിവീറുകള്‍ക്ക് നിയമന ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. വിരമിക്കലിന് ശേഷം മറ്റ് സേനകളിലേക്ക് 10 ശതമാനം സംവരണം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കൂടാതെ തീവെപ്പിലോ കലാപങ്ങളിലോ ഉള്‍പ്പെട്ടവരെ പദ്ധതിയിലേക്ക് അപേക്ഷകരായി പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു.