ദിലീപിന് ക്ലീന്‍ചിറ്റ് നല്കിയ വീഡിയോ; മുന്‍ ഡി ജി പി ആര്. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ദിലീപ് വിഷയത്തില്‍ ശ്രീലേഖയുടെ ഇപ്പോൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു മുന്‍ ജയിൽ ഡി ജി പി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്. ശ്രീലേഖ പ്രതികരിച്ചത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ആര് ശ്രീലേഖ. ദിലീപിന് ജയിലിൽ പ്രത്യേക നൽകിയതിന്റെ പേരിൽ അന്ന് വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തികൂടിയാണ് ആർ ശ്രീലേഖ.
നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് അവര്‍. ദിലീപിനെതിരെ കാര്യമായ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് അവർ പറയുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സമയത്ത് രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാം എന്നും ആർ ശ്രീലേഖ വീഡിയോയിൽ പറയുന്നു.
കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് പള്‍സര്‍ സുനിയുടെ കത്തടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനു പിന്നിലും ഗൂഢാലോചനയുണ്ടായി എന്നാണ് അന്നത്തെ പോലീസ് തലപ്പത്തുണ്ടായിരുന്ന ശ്രീലേഖ പറയുന്നത്. കേസിന്റെ തുടരന്വേഷണത്തെക്കുറിച്ച് പല തരത്തിലുള്ള സംശയങ്ങളുമുള്ളതായും അവര്‍ പറയുന്നു.
Content Highlights: Disclosure, actress assault case, Former DG PR Srilekha , interrogated ,crime branch