പെൻഷൻകാരുടെ പട്ടികയില്‍ ജോലിചെയ്തിട്ടില്ലാത്ത അമ്മയുടെ പേര് എഴുതിച്ചേർത്ത് മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ്

കോട്ടയം നഗരസഭയുടെ പെൻഷൻഫണ്ടില്‍നിന്ന് 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ജീവനക്കാരൻ അറസ്റ്റില്‍. വൈക്കം നഗരസഭാ ജീവനക്കാരൻ കൊല്ലം മങ്ങാട് ആൻസി ഭവനില്‍ അഖില്‍ സി. വർഗീസി (34) നെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലത്തെ ലോഡ്ജില്‍നിന്ന് വിജിലൻസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. പെൻഷൻ പണം തട്ടി അറസ്റ്റിലായ അഖില്‍ പണമുപയോഗിച്ചത് ആഡംബര ജീവിതത്തിന്. അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെൻഷൻ പണം അഖില്‍ അമ്മയുടെ പേരിലേക്കാണ് മാറ്റിയിരുന്നത്.
കോട്ടയം നഗരസഭയിലെ പെൻഷൻകാരുടെ പട്ടികയില്‍ ഇവിടെ ജോലിചെയ്തിട്ടില്ലാത്ത അമ്മയുടെ പേര് എഴുതിച്ചേർത്ത് മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയ അഖില്‍ സി. വർഗീസ് എന്നും തട്ടിപ്പിന്റെ കൂട്ടുകാരനായിരുന്നു. അച്ഛൻ മരിച്ചപ്പോള്‍ ആശ്രിത ആനുകൂല്യമായിട്ടാണ് കൊല്ലം കോർപ്പറേഷനില്‍ ജോലികിട്ടിയത്. അന്ന് പ്രായം 18 വയസ്സ്. അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുമ്ബോള്‍ കണ്ടെത്തിയ തട്ടിപ്പിനെത്തുടർന്ന് ഈരാറ്റുപേട്ട നഗരസഭയിലേക്ക് സ്ഥലംമാറ്റി.
വീണ്ടും 2020-ല്‍ കോട്ടയം സഗരസഭയിലെത്തി. 2023 ഒക്ടോബർവരെ കോട്ടയത്തുണ്ടായിരുന്നു. ഇപ്പോഴത്തെ കേസിന് ആധാരമായ തട്ടിപ്പ് ഇക്കാലയളവിലാണ് നടത്തിയത്. അതിനുശേഷം വൈക്കം നഗരസഭയിലേക്ക് സ്ഥലംമാറിപ്പോയി. തട്ടിപ്പ് ഇങ്ങനെവിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വിവരങ്ങള്‍ നഗരസഭയിലെ ധനകാര്യവിഭാഗം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.
കോട്ടയം നഗരസഭയില്‍ ജോലിയിലിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് വൈക്കത്തേയ്ക്ക് സ്ഥലംമാറിപ്പോയശേഷം 2024 ഓഗസ്റ്റിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് കൊല്ലം മങ്ങാട് ഏഴ് സെന്റ് സ്ഥലം, ഒരു കാർ, രണ്ട് ആഡംബര ബൈക്കുകള്‍, സ്വർണം എന്നിവ വാങ്ങി. രണ്ട് ലോണുകള്‍ അടച്ചുതീർത്തതായും അന്വേഷണ സംഘം കണ്ടെത്തി.
കൊല്ലം കോർപ്പറേഷൻ ജീവനക്കാരിയായിരുന്ന, പ്രതിയുടെ അമ്മ ശ്യാമളയുടെ പേര് കോട്ടയം നഗരസഭയിലെ പെൻഷൻകാരുടെ പട്ടികയില്‍ എഴുതിച്ചേർത്ത് ഇവരുടെ കൊല്ലത്തെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് തുക മാറ്റിയിരുന്നത്. ശ്യാമള മരിച്ചശേഷം സമാനരീതിയില്‍ അവരുടെ കുടുംബപെൻഷനും തട്ടിയെടുത്തു. ഒളിവിലായിരുന്നപ്പോള്‍ ഇയാള്‍ എടിഎം കാർഡോ, മൊബൈല്‍ ഫോണോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഇതിലൂടെ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് കണ്ടെത്താനുണ്ട്.
ഒരു മാസം അഞ്ച് ലക്ഷം രൂപ വരെയാണ് ഇയാള്‍ 2020നും 2023നും ഇടയില്‍ കൊല്ലം മങ്ങാട് സ്വദേശിയായ അഖില്‍ തട്ടിയത്. നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് കൂടിയായ അഖിലിനെതിരെ നഗരസഭാ സെക്രട്ടറിയാണ് പരാതി നല്‍കിയത്. രണ്ടര കോടിയിലേറെ പണം തട്ടിയെടുത്ത അഖില്‍ ഈ പണം ഉപയോഗിച്ച് ആഡംബര കാറും ബൈക്കും വാങ്ങി. ഇതിന് പുറമേ കൊല്ലത്ത് ഈ പണമുപയോഗിച്ച് സ്ഥലവും അഖില്‍ വാങ്ങി. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഓണ്‍ലൈൻ മുഖേനയോ എടിഎം കാർഡ് ഉപയോഗിച്ചോ അഖില്‍ പണമിടപാട് നടത്തിയിരുന്നില്ല.
കൊല്ലത്തും പിന്നീട് തമിഴ്നാട്ടിലും തൃശ്ശൂരിലും എറണാകുളത്തും പ്രതിയുടെ ചില ബന്ധുവീടുകളിലും ഒളിവില്‍ കഴിഞ്ഞ അഖില്‍ പണമിടപാടുകളെല്ലാം നേരിട്ടായിരുന്നു നടത്തിയിരുന്നത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാർ, ഇൻസ്പെക്ടർ മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം വിജിലൻസ് കോടതിയില്‍ ഹാജരാക്കി. കോടതി റിമാൻഡുചെയ്തു.
വിവിധ ബാങ്കുകളുടെ നാല് ക്രെഡിറ്റ് കാർഡുകള്‍ ഇയാള്‍ക്കുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഒളിവില്‍ പോയശേഷം കൊല്ലത്തെത്തിയ പ്രതി അഖില്‍, ഭാര്യയെയും കുട്ടിയെയും കാണാൻ ശ്രമം നടത്തി. എന്നാല്‍ തനിക്ക് കാണേണ്ടന്ന നിലപാടിലായിരുന്നു ഭാര്യ.
പെൻഷൻ ലഭിക്കുന്നവരുടെ പട്ടികയില്‍ പി. ശ്യാമള എന്ന സ്വന്തം അമ്മയുടെ പേര് കൂട്ടിച്ചേർത്താണ് തട്ടിപ്പ് നടത്തിയത്. ആദ്യകാലങ്ങളില്‍ മറ്റുള്ളവർക്ക് ലഭിച്ചതിന് സമാനമായ ചെറിയതുകയാണ് ശ്യാമളയ്ക്കും നല്‍കിയിരുന്നത്. പെൻഷൻ വിഭാഗം കൈകാര്യംചെയ്ത ക്ളാർക്കിന്റെ മേല്‍വിലാസത്തിലാണ് അഖില്‍ നഗരസഭയുടെ പെൻഷൻ അക്കൗണ്ടിലൂടെ പണം മാറ്റിയിരുന്നത്. തട്ടിപ്പ് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമായതോടെ തുക ക്രമേണ കൂട്ടി. ഒടുവില്‍ അഞ്ചുലക്ഷം രൂപവരെ പ്രതിമാസം തട്ടിയെടുത്തു.
കോട്ടയത്തുനിന്ന് സ്ഥലംമാറ്റം കിട്ടി വൈക്കത്ത് പോയിട്ടും പലപ്പോഴും അഖില്‍ കോട്ടയം ഓഫീസിലെത്തുകയും കംപ്യൂട്ടർ ഉപയോഗിക്കുകയുംചെയ്തു. സെക്രട്ടറിയുടെ കൈയില്‍നിന്ന് ഒപ്പിട്ട് ചെക്ക് വാങ്ങിക്കഴിഞ്ഞാണ് അഖില്‍ വഴിവിട്ട് പണം മാറ്റിയിരുന്നത്. വൈക്കം നഗരസഭയില്‍ ക്ഷേമപെൻഷൻ വിഭാഗത്തില്‍ ജോലിചെയ്ത അഖിലിനെപ്പറ്റി വ്യാപകമായി പരാതി ഉയർന്നതോടെ ക്യാഷ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു .
തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ അഖില്‍ അറസ്റ്റിലായ ലോഡ്ജില്‍ എത്തിയത് രണ്ട് ദിവസം മുൻപ് മാത്രമായിരുന്നു. കോട്ടയം നഗരസഭയില്‍ വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെട്ടിരുന്നു. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന അഖില്‍ വൈക്കം നഗരസഭയിലായിരുന്നു ഒടുവില്‍ ജോലി ചെയ്തിരുന്നത്. വ്യാജ രേഖകള്‍ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ വിജിലൻസ് വിഭാഗമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.