സർക്കാർ എന്നും അതിജീവിതക്കൊപ്പം ; തെറ്റിദ്ധാരണക്ക് പിന്നിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നും ദേശാഭിമാനി
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് സർക്കാർ നീതി ഉറപ്പാക്കുമെന്നും സർക്കാർ എന്നും അതിജീവിതക്കൊപ്പമാണെന്നും ദേശാഭിമാനി ദിനപത്രത്തിന്റെ മുഖപ്രസംഗം.വിസ്മയക്കും ഉത്രക്കും ജിഷക്കും നീതി ഉറപ്പാക്കാൻ പിണറായി വിജയൻ സർക്കാറിന് സാധിച്ചുവെന്നും സ്ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും സർക്കാർ ഇരക്കൊപ്പമാണെന്നും ദേശാഭിമാനി പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നടിയെ ആക്രമിച്ച കേസിലെ തുടർ നടപടികൾ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. കുറ്റാരോപിതനായ നടൻ ദിലീപ് ഭരണകക്ഷിയിലുള്ള ഉന്നതരെ സ്വാധീനിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അതിജീവിത ഉന്നയിച്ചിരുന്നു. എൽ ഡി എഫ് ഭരണമില്ലായിരുന്നുവെങ്കിൽ ദിലീപിനെ അറസ്റ്റ് പോലും ചെയ്യില്ലായിരുന്നുവെന്നും നിലവിൽ ഉയർന്നുവരുന്ന വിവാദങ്ങൾ തൃക്കാക്കരയിലെ പരാജയ ഭീതിയിലാണെന്നും പ്രതിപക്ഷം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ നിലപാടാണ് സ്വീകരിക്കുന്നത്.അവർക്ക് അതിന് പൂർണ സ്വാതന്ത്ര്യമുണ്ട്. കേസിൽ പ്രതിയായവർ ഏത് കൊമ്പൻമാരായാലും അവരെ കൈയ്യാമം വെച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ സർക്കാറിന് ഇനിയും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. സ്ത്രീ ശാക്തീകരണം സർക്കാറിന്റെ അജണ്ടയാണെന്നും ദേശാഭിമാനി പറയുന്നു.
അന്വേഷണത്തിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ലെന്നും തുടർന്നും അവർക്കൊപ്പം തന്നെ ഉണ്ടാവുമെന്നും ആവർത്തിച്ചു പറയുകയാണ് ദേശാഭിമാനി മുഖപ്രസംഗം
Content Highlight – Front page of the Deshabhimani daily said that the government is always with survivor