വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 1.17 കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. 1.17 കോടി രൂപയുടെ സ്വര്‍ണ്ണം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച 6.30-ന് ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന കരിപ്പൂരിലെത്തിയത്.
1884 ഗ്രാം സ്വര്‍ണ്ണം ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
ഷബ്നയെ കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ കൈവശം സ്വര്‍ണ്ണമുള്ളതായി അവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ശരീര പരിശോധന നടത്തുകയും ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ചെയ്തു. എന്നിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവരുടെ കാറില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു.