സീറോ ബഫര്‍സോണ്‍ മാപ്പും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു; പരാതികള്‍ അറിയിക്കാന്‍ അവസരം
പരിസ്ഥിതിലോല പ്രദേശം അടയാളപ്പെടുത്തിയ സീറോ ബഫര്‍സോണ്‍ ഭൂപടം സര്‍ക്കാര്‍ പുറത്തുവിട്ടു. 22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ബഫര്സോണുകളാണ് മാപ്പിലുള്ളത്. പരിസ്ഥിതിലോല മേഖലകള്‍ പിങ്ക് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അപേക്ഷാഫോമും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ജനുവരി 7 വരെ പരാതികള്‍ അറിയിക്കാം. വനംവകുപ്പ്, പിആര്‍ഡി തുടങ്ങിയ വെബ്സൈറ്റുകളില്‍ മാപ്പ് ലഭിക്കും.
ഏതൊക്കെ പഞ്ചായത്തുകളും വാര്‍ഡുകളും പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മനസിലാക്കുന്നതിനായാണ് ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബുധനാഴ്ച ബഫര്‍ സോണ്‍ വിഷയത്തില്‍ മൂന്ന് മന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗം തീരുമാനിച്ചത് അനുസരിച്ചാണ് മാപ്പും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചത്.
എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ഹെല്‍പ്പ് ഡെസ്കുകള്‍ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സംവിധാനവും ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് അവിടെ പരാതികള്‍ അറിയിക്കാം. അതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.