കെഎസ്ആര്‍ടിസിക്ക് 100 കോടി അനുവദിച്ചു; സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് വ്യവസ്ഥ
ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തില്‍ നിന്നാണ് പണം അനുവദിച്ചത്. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് 100 കോടി കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചത്.
കഴിഞ്ഞ അഞ്ചാം തിയതി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. തുക കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറുടെ തിരുവനന്തപുരം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഭരണപക്ഷ യൂണിയനുകളും പ്രതിഷേധത്തിലാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ശമ്പളത്തിന്റെ ഒരുഭാഗം കൂപ്പണുകളായി നല്കാന് കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. എന്നാല്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇതിന് അനുകൂല പ്രതികരണമല്ല ഉണ്ടായത്.