ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന് ഗവര്‍ണര്‍; ആവശ്യം തള്ളി മുഖ്യമന്ത്രി
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിയിലുള്ള പ്ലഷര്‍ നഷ്ടമായെന്നാണ് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നത്. ബാലഗോപാല്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ക്ക് പ്രീതി നഷ്ടമാകാന്‍ കാരണം. അതേസമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 18ന് തന്റെ എസ്എഫ്ഐക്കാലത്ത് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിസിയുടെ ഗാര്‍ഡുകള്‍ 5 വിദ്യാര്‍ത്ഥികളെ വെടിവെച്ച കൊലപ്പെടുത്തിയ സംഭവം ഓര്‍മിപ്പിച്ചു കൊണ്ട് ബാലഗോപാല്‍ നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഇങ്ങനെയുള്ള സര്‍വകലാശാലകളുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സാഹചര്യം മനസിലാകണമെന്നില്ല. കേരളത്തിലെ സര്‍വകലാശാലകള്‍ ജനാധിപത്യപരമായി അക്കാഡമിക് ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങളാണെന്നും ബാലഗോപാല്‍ പറഞ്ഞിരുന്നു.
മന്ത്രിയുടെ ഈ പരാമര്‍ശം സംസ്ഥാനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നതാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം കത്ത് നല്‍കിയത്. എന്നാല്‍ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ നീക്കാന്‍ ഇത്തരത്തില്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.