ബ്രഹ്മപുരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍; പ്രശ്നങ്ങള്‍ക്ക് കാരണം മോശം ഭരണമെന്ന് വിമര്‍ശനം
ബ്രഹ്മപുരം തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗ്രീന്‍ ട്രൈബ്യൂണല്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഇതിന് കാരണം മോശം ഭരണമാണെന്നും ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം കേരള ഹൈക്കോടതി തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ സമാന്തരമായി മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ നടപടിക്രമങ്ങളില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ ഈ വാദം പൂര്‍ണ്ണമായി അംഗീകരിച്ചില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും ട്രൈബ്യൂണലിന്റെ ഉത്തരവ്.