വിരമിക്കല്‍ പ്രായം കഴിഞ്ഞു തുടരണമെന്ന് ജീവനക്കാര്‍; താല്‍ക്കാലിക അനുമതി നല്കി ജസ്റ്റിസ് ദേവന് രാമചന്ദ്രന്, കേസ് പരിഗണിച്ചത് കുറുക്കുവഴികളിലൂടെയെന്ന് ആരോപണം
വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജീവനക്കാര്‍ക്ക് തുടരാന്‍ അനുമതി നല്കി ഹൈക്കോടതി. സര്‍വീസില്‍ തുടരാന്‍ അനുമതി നല്‍കണമെന്ന് കാട്ടി രണ്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് താല്‍ക്കാലികമായി തുടരാന്‍ അനുമതി നല്‍കിയത്. ഡിസംബര്‍ 31ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ഹൈക്കോടതി ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരി അമ്മയും ഡഫേദാര്‍ പി പി സജീവ് കുമാറുമാണ് ഹര്‍ജി നല്കി സര്‍വീസില്‍ തുടരാനുള്ള ഉത്തരവ് സമ്പാദിച്ചത്. വിരമിക്കല്‍ പ്രായമായ 56 വയസ് കഴിഞ്ഞെങ്കിലും ഇവര്‍ തല്ക്കാലം വിരമിക്കേണ്ടതില്ലെന്നും അതേസമയം സര്‍വീസില്‍ തുടരുന്നത് കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിട്ടായിരിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ അനുസരിച്ച് ജസ്റ്റിസ് അനു ശിവരാമന് പരിഗണിക്കേണ്ട ഹര്‍ജിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്. ഇത് മറികടന്ന് കേസ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചില്‍ എത്തിക്കാന്‍ കോടതി ജീവനക്കാരും ചില അഭിഭാഷകരും ചേര്‍ന്ന് നിയമത്തിന്റെ നൂലാമാലകള്‍ ഉപയോഗിച്ച് ശ്രമിച്ചതായി ആരോപണമുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചില്‍ രണ്ടു കേസുകള്‍ പരിഗണനയിലുണ്ട്. വിരമിക്കല്‍ പ്രായം 58 വയസായി ഉയര്‍ത്തണമെന്നാണ് മൂന്ന് ഹൈക്കോടതി ജീവനക്കാര്‍ നല്കിയ ഈ കേസുകളിലെ ആവശ്യം. ഇവ സര്‍ക്കാര്‍ നിലപാടി തേടിയ ശേഷം പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. ജഡ്ജിയുടെ കീഴില്‍ മുന്‍പ് ജൂനിയറായി പ്രാക്ടീസ് ചെയ്തവര്‍ക്കോ ബന്ധുക്കളായ അഭിഭാഷകര്‍ക്കോ അതേ ജഡ്ജിയുടെ ബഞ്ചില്‍ കേസ് ഫയല്‍ ചെയ്യാനാവില്ല. ഈ പഴുത് ഉപയോഗിച്ചാണ് മറ്റൊരു ബഞ്ചിലേക്ക് കേസെത്തിച്ചത്.
സഞ്ജീവ് കുമാറും വിജയകുമാരി അമ്മയും ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിയമപരമായി വിലക്കുള്ള അഭിഭാഷകരെ ഉപയോഗിച്ച് ഹര്‍ജി ഫയല്‍ ചെയ്തു. ജസ്റ്റിസ് അനു കേസില്‍ നിന്ന് ഒഴിവായാല്‍ ജസ്റ്റിസ് രാജ വിജയരാഘവനാണ് റോസ്റ്റര്‍ അനുസരിച്ച് ഈ കേസ് പരിഗണിക്കേണ്ടത്. എന്നാല്‍ ജസ്റ്റിസ് രാജ വിജയരാഘവന് അവധിയായ ദിവസം പ്രത്യേക ലിസ്റ്റ് തയ്യാറാക്കി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചില്‍ കേസ് എത്തിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. അതേസമയം ജസ്റ്റിസ് അനുവിന്റെ ഇടക്കാല ഉത്തരവു കൂടി പരിഗണിച്ച ശേഷമേ കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ സ്വീകരിക്കുന്ന നടപടിയാണ് ഈ കേസിലുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിരമിക്കല്‍ പ്രായം കൂട്ടുന്ന വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ പ്ലീജര് ടി ബി ഹൂദ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജിക്കാര്‍ക്ക് തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.