ഹര്‍ത്താല്‍ അക്രമസംഭവങ്ങള്‍; എല്ലാ കേസുകളിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളിലും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പ്രതിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും സത്താറിനെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.
ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്കിയാല് മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.