കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം നല്‍കണം; ഹൈക്കോടതി
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശമ്പള വിതരണത്തിനായിരിക്കണം ആദ്യ പരിഗണന. വായ്പ തിരിച്ചടയ്ക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ അതിനു ശേഷം മതിയെന്നും കോടതി വ്യക്തമാക്കി. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.
12,100 കോടി രൂപയാണ് വായ്പാ കുടിശികയായി നല്‍കാനുള്ളതെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 5255 ബസുകളാണ് നിലവില്‍ നിരത്തില്‍ ഓടുന്നത്. 300 ബസുകള്‍ ഉപയോഗശൂന്യമായിട്ടുണ്ട്. 417.2 ഏക്കര്‍ ഭൂമി കോര്പറേഷന് സ്വന്തമായുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് ശമ്പളം നല്കിയ ശേഷം മതി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് പറഞ്ഞിരുന്നു. സ്ഥാപനത്തിന്റെ ആസ്തിയും ബാധ്യതകളും ഇന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: KSRTC, Salary, High Court, Bus, Driver, Conductor