കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിന്റെ നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുടങ്ങിയ സര്‍വീസുകളുടെ നഷ്ടവും അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. തകര്‍ത്ത ബസുകള്‍ നന്നാക്കാനുള്ള ചെലവുകള്‍ക്ക് പുറമേയാണ് ഇത്. വരുമാന നഷ്ടം അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. നേരത്തേ നഷ്ടപരിഹാരം എങ്ങനെ ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു.
വെള്ളിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ എഴുപത് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അത്തരത്തില്‍ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കു തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.
നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലില്‍ ഉണ്ടായ നഷ്ടത്തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കും. ഈ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാരിന് മുമ്പിലുള്ളത്. ഇതില്‍ ഏത് നടപടിയാണ് സ്വീകരിക്കുകയെന്ന് അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.