പേവിഷബാധയ്ക്കെതിരെ ‘ഉറ്റവരെ കാക്കാം’ കാമ്പയിനുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ജനങ്ങൾ നേരിടുന്ന ഏറ്റുവും വലിയ വെല്ലുവിളിയാണ് തെരുവ് നായ ശല്യം. നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിയ സാഹചര്യത്തില്‍ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ കാമ്പയിനുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് നടത്തിയ പഠനപ്രകാരം കേരളത്തിലെ തെരുവ് നായകളുടെ എണ്ണം രണ്ടരലക്ഷത്തിലധികമായി. ആറ് വർഷത്തിനിടെ നാൽപ്പത്തിനാല് പേർ തെരുവ്നായകളുടെ കടിയേറ്റു മരിച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഇരുപത് മരണം ഉണ്ടായെന്നത് സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് പുതുതായി കാമ്പയിന് ആരംഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സ്കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേവിഷബാധയ്ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. എല്ലാവരും പേവിഷബാധയ്ക്കെതിരായ പ്രതിരോധം അറിഞ്ഞിരിക്കണമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.