പോപ്പുലര് ഫ്രണ്ട് ഹര്ത്താലിന് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നേതാക്കളെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് പോപ്പുലര് ഫ്രണ്ട് നടത്തുന്ന മിന്നല് ഹര്ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്ത്താല് നിയമവിരുദ്ധമാണെന്നും സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല് പ്രത്യേകം കേസുകളെടുക്കണമെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. ഹര്ത്താല് ആഹ്വാനം ചെയ്കതവര്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മിന്നല് ഹര്ത്താല് അംഗീകരിക്കാന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്ത്താല് എന്ന് പറഞ്ഞു. നേരത്തേയുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടുള്ള ഹര്ത്താല് പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. അതുകൊണ്ടാണ് പോപ്പുലര് ഫ്രണ്ട് സംസ്ഥാന നേതാക്കള്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന് കോടതി നിര്ദേശം നല്കിയത്. പോപ്പുലര് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് ഹര്ത്താല് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹര്ത്താലില് നടക്കുന്ന അക്രമസംഭവങ്ങളില് കര്ശന നടപടിയെടുക്കാന് സര്ക്കാരിനും കോടതി നിര്ദേശം നല്കിയിട്ടുണ്ട്. ഹര്ത്താലിന്റെ ആദ്യ മണിക്കൂറുകളില് തന്നെ കെഎസ്ആര്ടിസി ബസുകള് വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. സംഭവങ്ങളില് ജീവനക്കാര്ക്കും യാത്രക്കാര്ക്കും പരിക്കേല്ക്കുകയും ചെയ്തു.