പെണ്‍കുട്ടികളെ എത്രകാലം പൂട്ടിയിടും? വനിതാ ഹോസ്റ്റല്‍ നിയന്ത്രണത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളില്‍ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പെണ്‍കുട്ടികളെ എത്രകാലം പൂട്ടിയിടുമെന്ന് കോടതി ചോദിച്ചു. ക്യാമ്പസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാകും. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണ്. പ്രശ്നക്കാരായ ആണ്‍കുട്ടികള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി സ്ത്രീകളെ അനുവദിച്ചുകൂടേയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് നിയന്ത്രണമെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച വാദം. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഹോസ്റ്റലുകള്‍ ഉണ്ടല്ലോയെന്നും അവിടെയൊന്നും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇല്ലേയെന്നും കോടതി ചോദിച്ചു. വനിതാ ഹോസ്റ്റലുകളില്‍ രാത്രിസമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചില വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
രാത്രി 9.30ന് മുന്‍പായി വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ പ്രവേശിച്ചിരിക്കണമെന്നായിരുന്നു നിര്‍ദേശം. നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നേരത്തേ പറഞ്ഞിരുന്നു.