പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കണ്ടുകെട്ടിയ വസ്തുവകകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. പോപ്പലര്‍ ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലെയും നഷ്ടം എത്രയാണെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ നവംബര്‍ 7ന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹര്‍ത്താലിനെതിരെ ജസ്റ്റിസ് എ.കെ.ജയശങ്കരന്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി, ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി നിര്‍ദേശിച്ചിരുന്നു. സ്വകാര്യ സ്വത്തിനും പൊതു മുതലിനും നാശം വരുത്തിയവര്‍ക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടാകുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.