പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കുന്ന കാര്യം ഹൈക്കോടതി നാളെ പരിഗണിക്കും

ദേശീയപാതയിലെ ഗതാഗതക്കുരുക്കിന്റെ പേരിൽ ഓഗസ്റ്റ് 6ന് നിർത്തിയ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കുന്ന കാര്യം ഹൈക്കോടതി നാളെ പരിഗണിക്കും . അറ്റകുറ്റപ്പണിയിലെ വീഴ്ചയെത്തുടർന്ന് അതിഗുരുതരമായ ഗതാഗതക്കുരുക്ക് പതിവായതോടെ കഴിഞ്ഞ ഓഗസ്റ്റ് 6ന് ആണ് ഹൈക്കോടതി ടോൾ പിരിവ് നിർത്തിവയ്പിക്കുന്നത്. അടിപ്പാത നിർമാണങ്ങളിൽ എൻഎച്ച്എഐ വേണ്ടത്ര ജാഗ്രത പുലർത്താത്തതാണു പ്രധാന പ്രതിസന്ധിയായത്.യാത്രക്കാരുടെ ദുരിതങ്ങളെ തുടക്കം മുതൽ കണക്കിലെടുക്കാത്ത എൻഎച്ച്എഐ നിലപാടിനെക്കുറിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ട് ആണ് ടോൾ നിർത്തിവയ്ച്ചുകൊണ്ടുള്ള വിധിക്ക് ഹൈക്കോടതി അടിസ്ഥാനമാക്കിയത്. നാളെ കേസ് പരിഗണിക്കും മുൻപ് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ പുരോഗതി എൻഎച്ച്എഐ അറിയിക്കുന്നതനുസരിച്ച് കലക്ടർ പരിശോധന നടത്തിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്.
പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട് എന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്. നാളെ കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കാനായി ഇന്ന് ആർടിഒ, പൊലീസ് അധികാരികളുടെ പരിശോധന നടന്നേക്കും. യാത്രക്കാരുടെ ദുരിതങ്ങൾ സ്വന്തം നിലയിൽ പരിഹരിക്കുന്നതിൽ എൻഎച്ച്എഐ പരാജയപ്പെട്ടതോടെ ഇനിയുള്ള നിർമാണപ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.ഓഗസ്റ്റ് 26നും സെപ്റ്റംബർ 10, 15, 16 തീയതികളിലും കേസ് പരിഗണിച്ചപ്പോഴും എൻഎച്ച്എഐയ്ക്ക് എതിരാവുകയായിരുന്നു വിധി.സുപ്രീംകോടതിയും വിഷയത്തിൽ അതോറിറ്റിക്കൊപ്പം നിന്നില്ല. ടോൾ പിരിവ് നിർത്തിവച്ച അത്രയും ദിവസം നിലവിലെ ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന് പിരിവ് കാലാവധി കൂട്ടികൊടുക്കാനാണു സാധ്യത. അടിപ്പാത നിർമാണങ്ങൾ മറ്റൊരു കരാർ കമ്പനിക്കായതിനാൽ നഷ്ടം തങ്ങൾക്കു വഹിക്കാനാകില്ല എന്നായിരിക്കും ജിഐപിഎല്ലിന്റെ വാദം. ഒരു ദിവസം ഏകദേശം 50 ലക്ഷം രൂപ ടോൾ ഇനത്തിൽ പിരിച്ചെടുത്തിരുന്ന കമ്പനിക്ക് ഈ 44 ദിവസത്തിനിടെ നഷ്ടം ഏകദേശം 22 കോടി രൂപ.