മുട്ടക്കറിയില്‍ പുഴു, ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണില്‍ ഹോട്ടല്‍ അടപ്പിച്ചു
മുട്ടക്കറിയില്‍ നിന്ന് പുഴുവിനെ കിട്ടിയതിനെത്തുടര്‍ന്ന് വാഗമണ്ണില്‍ ഹോട്ടല്‍ അടപ്പിച്ചു. വാഗമണ്ണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ് എന്ന ഹോട്ടലാണ് അധികൃതര്‍ അടപ്പിച്ചത്. രാവിലെ ഭക്ഷണം കഴിച്ച കോഴിക്കോട്ടു നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് പുഴുവിനെ ലഭിച്ചത്. ഇതേത്തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുകയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ എത്തി കട അടച്ചു പൂട്ടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് വ്യക്തമായി. ഇത്തരത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന് ഹോട്ടലിന് എതിരെ മുന്‍പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒരു മാസം മുന്‍പ് ഹോട്ടല്‍ അടപ്പിച്ചതാണ്. പിന്നീട് തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മോശം സാഹചര്യത്തില്‍ തന്നെ തുടരുകയായിരുന്നു ഈ ഹോട്ടല്‍. മോശം ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.