ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ഇന്‍കം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്
ബിബിസിയുടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങിലെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്. രാവിലെ 11.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ഓഫീസുകളിലേക്കുള്ള ലാന്‍ഡ് ഫോണ്‍ കണക്ഷന് വിച്ഛേദിക്കുകയും ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിനു ശേഷമായിരുന്നു പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് റെയഡ്. അതേസമയം രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനയെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടത്.
വെറും പരിശോധന മാത്രമാണ് നടക്കുന്നതെന്നും പിടിച്ചെടുത്ത ഫോണുകള്‍ തിരികെ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പനിയുടെ പ്രമോട്ടര്‍മാരുടെയോ ഡയറക്ടര്‍മാരുടെയോ വസതികളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നും ഓഫീസുകളില്‍ മാത്രമായിരിക്കും പരിശോധനയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്ത് കലാപത്തെയും അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്റി നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ഡോക്യുമെന്റി എത്തുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു.