ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്; ഏഷ്യയില്‍ ഇന്ത്യക്ക് പിന്നില്‍ അഫ്ഗാനിസ്താന് മാത്രം
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞു. 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് ഈ വര്‍ഷം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇത് 101 ആയിരുന്നു. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്കോര്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇനി അഫ്ഗാനിസ്താന് മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
ചൈന നാലാം സ്ഥാനത്തും ശ്രീലങ്ക 64-ാം സ്ഥാനത്തും മ്യാന്മാര് 71-ാം സ്ഥാനത്തും നില്ക്കുമ്പോള് നേപ്പാള്‍ 81-ാം സ്ഥാനത്തും ബംഗ്ലാദേശ് 84-ാം സ്ഥാനത്തും പാകിസ്താന് 99-ാം സ്ഥാനത്തുമാണുള്ളത്. അഫ്ഗാനിസ്താന് ഇന്ത്യക്കു തൊട്ടു പിന്നിലായി 109-ാം സ്ഥാനത്തുണ്ട്.
ആഗോള പട്ടിണി സൂചികയില്‍ ബെലാറസ് ആണ് ഒന്നാം സ്ഥാനത്ത്. ബോസ്നിയ, ചിലി എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും ചൈന നാലാം സ്ഥാനത്തമുണ്ട്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കിയത്.