നികുതി കുടിശ്ശിക അടച്ച് ഇന്‍ഡിഗോ; ബസ് അടുത്ത ദിവസം തിരികെ നല്‍കും
കോഴിക്കോട് ഇന്‍ഡിഗോ വിമാന കമ്പനി ബസുകളുടെ വാഹന നികുതി കുടിശ്ശിക അടച്ചു തീർത്തു. കേരള മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി ബസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്‍ഡിഗോ വിമാന കമ്പനി കുടിശ്ശിക അടച്ചു തീര്‍ത്തത്. വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയിരുന്നത്. രണ്ടുബസുകല്ക്കും കൂടി 86,940 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഇപ്പോൾ ഇന്‍ഡിഗോ വിമാന കമ്പനി പിഴയുൾപ്പെടെ ഉണ്ടായിരുന്ന കുടിശ്ശിക അടച്ച് തീര്‍ത്തതായി അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും അറിയിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് ഇന്‍ഡിഗോ ബസുകള്‍ക്കെതിരെ പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ നികുതി കൊടുക്കാതെ ഓടുന്നുണ്ട് എന്ന കണക്കും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. റണ്‍വെയില്‍ ഓടുന്ന ബസുകള്‍ അവസരം കിട്ടിയപ്പോള്‍ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആര്‍ടിഒ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വിമാന കമ്പനി മൂന്നാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ഇന്‍ഡിഗോ വിമാന കമ്പനി ബസുകൾക്ക് എതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി വന്നത്.
Content Highlights: Indigo, Bus Tax, Fine