ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിയുടെ ദൃശ്യം കാട്ടി മോശം പരാമര്‍ശം; വിനു വി ജോണ്‍, മാധ്യമപ്രവര്ത്തകന് റോയ് മാത്യു എന്നിവര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അനുസരിച്ച് അന്വേഷണത്തിന് ഉത്തരവ്
ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിയുടെ ദൃശ്യം കാട്ടി മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍, ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമപ്രവര്ത്തകന് റോയ് മാത്യു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇവരുടെ പ്രവൃത്തി പോക്സോ നിയമം അനുസരിച്ച് കുറ്റകരമാണെന്നും വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനും സംസ്ഥാനാ ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. പോക്സോ നിയമത്തിലെ കുറ്റകൃത്യങ്ങള്‍ ഒരു മാപ്പപേക്ഷയില്‍ തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്നും ഇതു സംബന്ധിച്ച് നല്കിയ പരാതിയില്‍ കേസെടുക്കാതിരുന്ന പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ചര്‍ച്ച വിവാദമായതോടെ റോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ ഖേദ പ്രകടനം നടത്തിയിരുന്നു.
കുട്ടി പങ്കെടുത്ത പരിപാടിയുടെ വീഡിയോ ചാനല്‍ ചര്‍ച്ചയില്‍ ഉടനീളം കാണിക്കുകയും അതില്‍ കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതായി കമ്മീഷന് വിലയിരുത്തി. കുട്ടിയുടെ ചിത്രം കാണിക്കുകയും രക്ഷിതാവിന്റെ വിവരങ്ങള്‍ പറയുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പോക്സോ നിയമം 23 (1, 2) അനുസരിച്ച് കുറ്റകരമാണെന്നും കമ്മീഷന് വ്യക്തമാക്കി.
മാധ്യമങ്ങളില്‍ ഇത്തരം ശിശുവിരുദ്ധ പരാമര്‍ശങ്ങള്‍ വരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സമൂഹ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോക്സോ നിയമം, ബാലനീതി നിയമം എന്നിവയില്‍ പരിശീലനം നല്കാന് കമ്മീഷന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ ശ്യാമളാദേവി, ബബിത എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് നടപടി.