നാലു വാക്സിന് എടുത്തിട്ടും പേവിഷബാധയേറ്റ് മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
പാലക്കാട്ട് വാക്സിന് എടുത്തിട്ടും പേവിഷബാധയേറ്റ് 19 കാരി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. വിശദമായ അന്വേഷണത്തിന് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കാനും നിര്‍ദേശിച്ചു.
പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കുന്നത്. മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19)യാണ് പേവിഷബാധയേറ്റ് വ്യാഴാഴ്ച മരിച്ചത്. അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നു. മെയ് 30നാണ് നായയുടെ കടിയേറ്റത്.
രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ നായ കടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന എല്ലാ വാക്സിനുകളും എടുത്തു. രണ്ടു ദിവസം മുന്‍പ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും വ്യാഴാഴ്ച മരിക്കുകയുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.
Content Highlights: Rabies, Death, Vaccine, Veena George