സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത നാല്-അഞ്ചു ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിന് അകലെയായാണ് സ്ഥിതിചെയ്യുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കേരളത്തില്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.