റാംസെ ഹണ്ട് സിന്‍ഡ്രോം; ജസ്റ്റിൻ ബീബറെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ചറിയാം
‘റാംസെ ഹണ്ട് സിന്‍ഡ്രോം’ എന്ന അപൂർവ രോഗം പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് ബാധിച്ചിരിക്കുകയാണെന്ന വാർത്ത രണ്ടുദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. ജസ്റ്റിൻ ബീബർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ രോഗകാര്യം ലോകത്തോട് വെളിപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മൂന്നുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ രോഗത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും ആരാധകരോട് അറിയിച്ചത്. കണ്ണ് ചിമ്മാനോ ചുണ്ടനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്നും തന്റെ രോഗാവസ്ഥ മാറാൻ സമയമെടുക്കുമെന്നും ജസ്റ്റിൻ ബീബർ പറഞ്ഞു. അതുകൊണ്ട് അതുവരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കുന്നുവെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കി.
എന്താണ് റാംസെ ഹണ്ട് സിൻഡ്രോം?
റാംസെ ഹണ്ട് സിൻഡ്രോം എന്നത് നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവ വൈറസ് രോഗമാണ്. മുഖത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ വൈറസ് ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിൻഡ്രോം ഉണ്ടാകുന്നത്. വൈറസ് ബാധമൂലം ചെവിക്ക് സമീപത്തായുള്ള മുഖ പേശികളിലെ ഞരമ്പ് പൊട്ടി കുമിളകൾ രൂപപ്പെടുന്നതാണ് രോഗലക്ഷണം. ചെവിയിലോ മുഖത്തോ വായിലോ ഉണ്ടാകുന്ന വേദനാജനകമായ ചുണങ്ങായും ഇത് പ്രത്യക്ഷപ്പെടാറുണ്ട്.
തലയിലെ ഒരു നാഡിയെ വാരിസെല്ല-സോസ്റ്റർ വൈറസ് ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കൂടാതെ ചിലരിൽ ഈ കുമിളകൾ വേദനയുളവാക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏത് ചെവിയുടെ ഭാഗത്തുള്ള നാഡിയെയാണ് വൈറസ് ബാധിച്ചതെങ്കിലും ആ ഭാഗത്തെ മുഖപേശികൾ തളർന്നു പോകും. ചിലർക്ക് ആ ഭാഗത്തെ ചെവിയുടെ കേൾവി വരെ നഷ്ടമാകാറുണ്ട്.
ലക്ഷണങ്ങൾ
ചെവിക്കുള്ളിലും സമീപ ഭാഗങ്ങളിലും നീര് നിറഞ്ഞ കുമിളകളോടു കൂടിയ വേദനയുണ്ടാക്കുന്ന ചുവന്ന പാടുകൾ ഉണ്ടാകുക, കുമിളകളുണ്ടായ ചെവിയുടെ അതേ ഭാഗത്തെ മുഖം തളരുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ചികിത്സ
ആന്റി വൈറൽ മരുന്നുകൾ, സ്റ്റിറോയ്ഡ് എന്നിവയാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്ക് സഹായിക്കുന്നത്. തുടക്കത്തിൽതന്നെ രോഗത്തെ തിരിച്ചറിഞ്ഞു ചികിൽസിച്ച 75 % ആളുകൾക്കും രോഗം പൂർണമായും സുഖപെടുതുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.