തരൂരിനെ തള്ളി നേതാക്കള്‍; സാധാരണക്കാരുമായി ബന്ധമില്ലെന്ന് മുരളീധരന്, യോഗ്യതയില്ലെന്ന് ചെന്നിത്തല
ശശി തരൂരിനെതിരെ കെ മുരളീധരനും രമേശ് ചെന്നിത്തലയും. ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവാണെന്ന് കെ മുരളീധരന് പറഞ്ഞു. തന്നെപ്പോലുള്ളവരുടെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാവണമെന്നാണ് തന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടുമുതല്‍ ഉയര്‍ന്നു വന്ന ഖാര്‍ഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരന് പറഞ്ഞു.
ശശി തരൂരിന് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. തരൂര്‍ നല്ല സുഹൃത്താണ്. പക്ഷേ ഖാര്‍ഗേയ്ക്ക് അനുഭവ പരിചയമുണ്ട്. 99 ശതമാനം പ്രവര്‍ത്തകരുടെ പിന്തുണ ഖാര്ഗേയ്ക്കാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗേയ്ക്ക് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ വോട്ടു തേടി പര്യടനം നടത്തുന്ന ശശി തരൂര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തി. കെപിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ തരൂരിന് സ്വീകരണം നല്കിയപ്പോള് മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞു നിന്നു. ഇതു സംബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം തരൂര്‍ എടുത്തു പറഞ്ഞിരുന്നു.