സമാധാനപരമായി ജീവിച്ച ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്; മണിപ്പൂരില്‍ നിന്ന് കേരളത്തിന് പഠിക്കാനുണ്ടെന്ന് കെ സുധാകരന്

വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നു വന്നാല്‍ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്. 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ടെന്നും സുധാകരന് പറഞ്ഞു.
മണിപ്പൂര്‍ കലാപത്തിലും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരിക്കും പ്രതിഷേധം. ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്തെയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെന്നും സുധാകരന് പറഞ്ഞു.
കലാപത്തില്‍ 54 പേര് കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് വിവരം. മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗപദവിയും സംവരണവും നല്‍കാനുള്ള നീക്കമാണ് കലാപത്തിലെത്തിയതെന്നും സുധാകരന് പറഞ്ഞു.