പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്ന് കെ സുരേന്ദ്രന്

ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയായിരുന്നു സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഹര്‍ത്താലാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
എയര്‍പോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ പോലും തകര്‍ക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും യാത്രക്കാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീര്‍ഥാടകരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു.
എല്ലാത്തിനും കാരണം സര്‍ക്കാരിന്റെ പരാജയമാണെന്നും സുരേന്ദ്രന് പറഞ്ഞു. മട്ടന്നൂരില്‍ ആര്‍എസ്എിന്റെ കാര്യാലയത്തിനും മഞ്ചേരിയില്‍ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. നിയമവിരുദ്ധമായ ഹര്‍ത്താലാണിതെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്.