ആള്‍മാറാട്ടക്കേസ്; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പലിനെ മാറ്റി; പോലീസില്‍ പരാതി നല്കാന് തീരുമാനം
കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിനെ ആള്‍മാറാട്ടം നടത്തി തിരുകിക്കയറ്റാന്‍ ശ്രമിച്ച കേസില്‍ പ്രിന്‍സിപ്പലിന് സ്ഥാനചലനം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ താല്‍ക്കാലിക പ്രിന്‍സിപ്പല്‍ ഡോ.ജി.ജെ ഷൈജുവിനെ നീക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സര്‍വകലാശാലയെ മനപ്പൂര്‍വം കബളിപ്പിച്ചതിന് പ്രിന്‍സിപ്പല്‍ ഷൈജുവിനെതിരെയും എസ്എഫ്ഐ നേതാവ് എ.വിശാഖിനെതിരെയും പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു.
അധ്യാപകനനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതാണ് ഷൈജു ചെയ്തത്. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്കി. സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്നും വിശ്വാസവഞ്ചന കാണിച്ചതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് എല്ലാ ചുമതലകളില്‍ നിന്നും ഷൈജുവിനെ നീക്കിയതായും വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നമ്മല്‍ പറഞ്ഞു.
എല്ലാ കോളജുകളില്‍നിന്നും അയച്ച യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരുടെ ലിസ്റ്റ് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. രേഖകള്‍ അടിയന്തരമായി അയയ്ക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് റദ്ദ് ചെയ്തു. വീണ്ടും പ്രസിദ്ധീകരിക്കുമ്പോള്‍ പരാതി പറയാന്‍ അവസരം ഉണ്ടാകും.
തിരഞ്ഞെടുപ്പ് മാറ്റിവച്ചതിലൂടെ ഉണ്ടായ നഷ്ടം അധ്യാപകനില്‍നിന്ന് നികത്തും. അല്ലെങ്കില്‍ കോളജ് നല്‍കേണ്ടിവരും. തെറ്റ് പറ്റിയതായി പ്രിന്‍സിപ്പല്‍ സമ്മതിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥിക്കും അതില്‍ പങ്കാളിത്തമുണ്ടെന്നും വിസി പറഞ്ഞു.